തേജസ്വിയുടെ രാജി തള്ളി ലാലു; ബിഹാറില്‍ പ്രതിസന്ധി തുടരുന്നു

പട്‌ന: അഴിമതിക്കുരുക്കില്‍പ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെച്ചൊല്ലി ബിഹാര്‍ മഹാസഖ്യത്തില്‍ ഉണ്ടായ പ്രതിസന്ധിക്കു പരിഹാരമായില്ല. ആര്‍.ജെ.ഡി. നേതാവ്‌ ലാലുപ്രസാദ്‌ യാദവും മുഖ്യമന്ത്രി നിതീഷ്‌ കുമാറും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണു പരിഹാരം വൈകിക്കുന്നത്‌.

അഴിമതിക്കേസില്‍ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതോടെയാണ്‌ ഉപമുഖ്യമന്ത്രി രാജിവയ്‌ക്കുകയോ പൊതുജനമധ്യത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയോ ചെയ്യണമെന്നു മുഖ്യമന്ത്രി നിലപാട്‌ സ്വീകരിച്ചത്‌. എന്നാല്‍, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിക്കു പിന്തുണ പ്രഖ്യാപിച്ച ലാലു, രാജി ആവശ്യം തള്ളി. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നല്‍കിയ സമയപരിധി ശനിയാഴ്‌ച വൈകിട്ട്‌ അവസാനിച്ചിരുന്നു.

സമയപരിധി നീട്ടണമെന്ന്‌ ആര്‍.ജെ.ഡി. ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനുപിന്നാലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ആര്‍.ജെ.ഡിയും ജെ.ഡി.യുവും എം.എല്‍.എമാരുടെ പ്രത്യേകയോഗം ചേരുകയുംചെയ്‌തു.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ സംസ്‌ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധി ഇനി പ്രധാന ചര്‍ച്ചാവിഷയമാകും. വിഷയത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇടപെടണമെന്നും ചില നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. തേജസ്വിയെ മുഖ്യമന്ത്രി പുറത്താക്കുമോ അതോ പ്രതിഛായ മെച്ചപ്പെടുത്താനെന്ന ഭാവേന ഉപമുഖ്യമന്ത്രി സ്വയം രാജിവയ്‌ക്കുമോയെന്നാണു മഹാസഖ്യത്തിലെ മൂന്നാം കക്ഷിയായ കോണ്‍ഗ്രസ്‌ നേതൃത്വവും ഉറ്റുനോക്കുന്നത്‌.

അതേസമയം, പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കാനുള്ള ഡല്‍ഹി യാത്ര മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ റദ്ദാക്കി. ഡല്‍ഹിയിലെത്തുമ്പോള്‍ നിതീഷ്‌-സോണിയാ കൂടിക്കാഴ്‌ച നടക്കുമെന്നു സൂചനയുണ്ടായിരുന്നു.

കഴിഞ്ഞയാഴ്‌ച അവസാനം സോണിയാ ഗാന്ധിയുമായി ജെ.ഡി.യു. നേതാവ്‌ ശരദ്‌ യാദവ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here