അരി തേടി ആന്ധ്രയിലേക്ക്, പച്ചക്കറിക്ക് ചരിത്രത്തിലെ ഉയര്‍ന്നവില ; കേരളം ഭക്ഷ്യക്ഷാമത്തിലേക്ക്

തിരുവനന്തപുരം : അരി, പഞ്ചസാര, മണ്ണെണ്ണ… തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ തീര്‍ന്നു സംസ്ഥാന കലവറ കാലിയായി. റേഷന്‍വിതരണം പോലും വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സെപ്ലെകോയില്‍ മുന്‍ഗണനാ വിഭാഗക്കാര്‍ക്കു മാത്രം ഒന്നോ രണ്ടോ ദിവസം കൂടി വിതരണം ചെയ്യാനുള്ള അരി മാത്രമാണ് അവശേഷിക്കുന്നത്.

കേരളം രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുകയാണ്. ഗുരുതര സ്ഥിതിവിശേഷം കണക്കിലെടുത്ത് അടിയന്തരമായി അരിയെത്തിക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തിലുള്ള സംഘം നാളെ ആന്ധ്രാപ്രദേശിലേക്കു തിരിക്കും. സിവില്‍ സെപ്ലെസ് ഡയറക്ടര്‍ എന്‍.ടി.എല്‍. റെഡ്ഡി, സെപ്ലെകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തിയുമായി സംഘം ചര്‍ച്ച നടത്തും.

പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ചരിത്രത്തിലെ ഉയര്‍ന്നവിലയിലെത്തി. ചരക്കു സേവന നികുതി(ജി.എസ്.ടി)യെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ചരക്ക് നീക്കത്തെ ബാധിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനിടെ 2,000 ടണ്‍ അരിയെത്തിക്കേണ്ട കരാറുകാരന്‍ മുന്നറിയിപ്പു നല്‍കാതെ കരാറില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഇ-ടെന്‍ഡര്‍ വഴി ടെന്‍ഡറില്‍ പങ്കെടുത്ത കരാറുകാരന്‍ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ ഇയാള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞിട്ടും അരി എത്തിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താന്‍ കരാറില്‍നിന്ന് പിന്‍വാങ്ങിയെന്ന് ഇയാള്‍ അറിയിച്ചത്.

മുമ്പ് ക്ഷാമം നേരിട്ടപ്പോള്‍ സംസ്ഥാനത്തിനാവശ്യമായ അരി എത്തിക്കാന്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമി റെഡ്ഡി ചന്ദ്രമോഹന്‍ റെഡ്ഡി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കാന്‍ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിരുന്നു. അവിടെനിന്ന് അരിയെത്തുന്നതോടെ ക്ഷാമത്തിനു പരിഹാരമാകുമെന്നും ഓണക്കാലത്ത് വില കുടില്ലെന്നുമാണു പ്രതീക്ഷ. സബ്‌സിഡിയെടുത്തു കളഞ്ഞതു മുതല്‍ സംസ്ഥാനത്ത് പഞ്ചസാര വിതരണം പ്രതിസന്ധിയിലാണ്. ഇക്കാര്യം മംഗളം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓണക്കാലത്ത് കാര്‍ഡ് ഒന്നിന് ഒരു കിലോ വീതമുള്ള പഞ്ചസാര വിതരണം ഇക്കുറിയുണ്ടാകാന്‍ സാധ്യതയില്ല.

പഞ്ചസാര ലഭിക്കണമെങ്കില്‍ അടിയന്തരമായി 28 കോടി രൂപ അടയ്ക്കണം. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതിയില്‍ ധനവകുപ്പ് ഇതിന് അനുമതി നല്‍കില്ല. ഇനി അനുമതി ലഭിച്ചാല്‍ തന്നെ ഓണക്കാലത്ത് പഞ്ചസാര എത്തിക്കാനാകില്ല. ഇതോടെ, ഓണവിപണിയില്‍ ക്ഷാമം ഉണ്ടായേക്കാം. സംസ്ഥാനം ജി.എസ്.ടിയിലേക്ക് നീങ്ങിയതാണ് മണ്ണെണ്ണ വിതരണത്തെ ബാധിച്ചത്. നികുതി സംബന്ധിച്ച് ഇതുവരെ ധാരണ ആകാത്തതിനാല്‍ ഇതു നല്‍കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. അതിനാല്‍, രൂക്ഷമായ മണ്ണെണ്ണ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിക്കുന്ന വസ്തുക്കള്‍ക്കെല്ലാം കടുത്ത ക്ഷാമം നേരിട്ടു തുടങ്ങി. ജി.എസ്.ടി വരുന്നതിന് മുമ്പുതന്നെ ഉല്‍പ്പാദകര്‍ സംസ്ഥാനത്തേക്കുള്ള ചരക്കുകള്‍ അയയ്ക്കുന്നത് നിര്‍ത്തിയിരുന്നു. ജി.എസ്.ടി. നടപ്പായതു മുതല്‍ ചരക്കുനീക്കം പുനരാരംഭിച്ചെങ്കിലും വരുന്ന ചരക്കുകളില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികളുടെ സംഘടനകള്‍ പറയുന്നു. പച്ചക്കറിക്ക് കഴിഞ്ഞ ഓണക്കാലത്തുണ്ടായതിന്റെ ഇരട്ടിയാണു വില. ഒരു കിലോ തക്കാളിക്ക് 100 രൂപ പിന്നിട്ടു. ചെറിയ ഉള്ളി ഉള്‍പ്പെടെയുള്ളവയ്ക്കും വില നുറു കവിഞ്ഞു. ക്യാരറ്റ്, ബീന്‍സ് തുടങ്ങിയവയ്ക്കും വില കുതിക്കുകയാണ്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here